ആലപ്പാട്: അഴീക്കലിലെ ഒന്നുമുതല്‍ നാലുവരെയുള്ള വാര്‍ഡുകളില്‍ സര്‍ക്കാരും പഞ്ചായത്തും കൊണ്ടുവന്ന ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളൊന്നും പ്രായോഗികമായില്ലെന്നു നാട്ടുകാര്‍. കുടിവെള്ളത്തിനായി പരമ്പരാഗതരീതിയില്‍ മഴവെള്ളം ശേഖരിച്ചും കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയുമാണ് പ്രദേശവാസികള്‍ ഗാര്‍ഹികാവശ്യങ്ങള്‍ നിറവേറ്റുന്നത്.
അഴീക്കല്‍ രണ്ടാംവാര്‍ഡിലെ ഇടച്ചിറ തുരുത്തിലെ വീട്ടുകാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ആലപ്പാട് പഞ്ചായത്തിലെ വടക്കേയറ്റത്തെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് അഴീക്കല്‍ ഗ്രാമം. 30 കൊല്ലംമുന്പ് ഇവിടെ സ്ഥാപിച്ച രണ്ട് കുഴല്‍ക്കിണറും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ല. കിഴക്കും വടക്കും കായല്‍, പടിഞ്ഞാറ് കടലുമായി ചേര്‍ന്നുകിടക്കുന്ന മുനമ്പാണിത്.
സുനാമി പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോടികള്‍ ചെലവഴിച്ച് കമ്മീഷന് ചെയ്ത ഓച്ചിറ കുടിവെള്ള പദ്ധതി പൂര്‍ണ പരാജയമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അച്ചന്‍കോവിലാറ്റില്‍ മാവേലിക്കര കണ്ടിയൂര്ക്കടവില്നിന്നാണ് ഓച്ചിറ കുടിവെള്ളപദ്ധതിയിലേക്ക് ജലം വിതരണം ചെയ്യുന്നത്. ഓച്ചിറ മേമനയില്‍ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റിലേക്കെത്തുന്ന ജലം അവിടെനിന്നു ശുദ്ധീകരിച്ചശേഷം ക്ലാപ്പന പഞ്ചായത്ത്, കരുനാഗപ്പള്ളി നഗരസഭ, ആലപ്പാട് സെന്റര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓവര്‍ഹെഡ് ടാങ്കുകളിലേക്കെത്തും. കരുനാഗപ്പള്ളി നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയിലും ക്ലാപ്പനയുടെ വിവിധ മേഖലകളിലും കുടിവെള്ളം കൃത്യമായി എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
എന്നാല്‍ പമ്പിംഗിലെ മര്‍ദക്കുറവുമൂലം ആലപ്പാട് സെന്ററില്‍ സ്ഥാപിച്ച ഓവര്‍ഹെഡ് ടാങ്കില്‍നിന്നു ജലം, വടക്കന്‍ മേഖലയായ അഴീക്കലിലെ വാര്ഡുകളിലെത്തുന്നില്ല. അഴീക്കലിലെ ജനങ്ങള്‍ നേരിടുന്നപ്രധാനപ്രശ്നത്തിന് ശാശ്വതമായ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതിയും ഇതേവരെ ആസൂത്രണംചെയ്ത് നടപ്പാക്കാത്തതാണ് അഴീക്കല്‍ ഗ്രാമം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി.